2011, നവം 24

ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍

വിപി മുഹമ്മദലി ഹാജി എന്ന ഹാജി സാഹിബില്‍ നിന്നാണ്‌ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ആരംഭം. ഭക്തനായ പണ്ഡിതനും സാത്വികനായ സംഘാടകനുമായിരുന്ന ഹാജി സാഹിബ്‌, പഞ്ചാബിലെ പഠാന്‍കോട്ടിലെത്തി അബുല്‍ അഅ്‌ലാ മൗദൂദിയുടെ ശിഷ്യത്വത്തില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞുകൂടി. മൗദൂദിയുടെ ചിന്തകള്‍ ആഴത്തില്‍ സ്വാധീനിക്കപ്പെട്ടതോടെ ആ സന്ദേശങ്ങള്‍ ജന്മദേശത്തേക്കെത്തിക്കാന്‍ ഹാജി സാഹിബ്‌ അതിശക്തമായി ആഗ്രഹിച്ചു. പക്ഷേ, ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ സംഘടനാ രൂപത്തോടെ മുന്നോട്ടുപോകുന്നതിനു പകരം, പ്രാസ്ഥാനികാദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട സംഘ രൂപീകരണത്തിലാണ്‌ അദ്ദേഹം ആദ്യം ശ്രദ്ധിച്ചത്‌.

അതിന്റെ ഭാഗമായാണ്‌ ജന്മനാടായ വളാഞ്ചേരിയില്‍ ജമാഅത്തില്‍ മുസ്‌തര്‍ശിദീന്‍ എന്ന പേരില്‍ ഒരു ചെറിയ സംഘടന 1946ല്‍ രൂപീകരിച്ചത്‌. കോഴിക്കോട്ടെ ഇസ്വ്‌ലാഹീ ചലനങ്ങള്‍ക്ക്‌ കരുത്തുറ്റ പ്രേരകമായിരുന്ന എം കുഞ്ഞോയി വൈദ്യരെ കണ്ട്‌ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായം തേടുകയും ചെയ്‌തു. ഹാജി സാഹിബിന്റെ നേതൃമഹിമയും ഭക്തിയും കുഞ്ഞോയി വൈദ്യരെ സ്വാധീനിച്ചതിന്റെ ഫലമായി പട്ടാളപ്പള്ളിയില്‍ ഖുതുബ നിര്‍വഹിക്കാന്‍ വൈദ്യര്‍ ഹാജി സാഹിബിനെ പ്രേരിപ്പിച്ചു. കോഴിക്കോട്ടെ ചില പ്രദേശങ്ങളില്‍ ഖുര്‍ആന്‍ പഠനസംരംഭങ്ങള്‍ക്കും വൈദ്യര്‍ സഹായം ചെയ്‌തു.

1947ല്‍ കാട്ടിപ്പരുത്തിയില്‍ ജമാഅത്തുല്‍ മുസ്‌തര്‍ശിദീന്റെ ഒന്നാം വാര്‍ഷികയോഗം നടന്നു. ജമാഅത്ത്‌ മദിരാശി സംസ്ഥാന അമീര്‍ ശൈഖ്‌ അബ്‌ദുല്ല സാഹിബ്‌, സ്വിബ്‌ഗത്തുല്ലാ സാഹിബ്‌, ഖാഇദെ മില്ലത്ത്‌ മുഹമ്മദ്‌ ഇസ്‌മാഈല്‍ സാഹിബ്‌, സയ്യിദ്‌ അമീന്‍ സാഹിബ്‌ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശവും ലക്ഷ്യവും തന്നെയായിരുന്നു ജമാഅത്തുല്‍ മുസ്‌തര്‍ശിദീന്റെതും. എന്നാല്‍ 1948ല്‍ വളാഞ്ചേരി പി മരയ്‌ക്കാര്‍ സാഹിബിന്റെ വീട്ടില്‍ ചേര്‍ന്ന രണ്ടാം വാര്‍ഷികത്തില്‍ വെച്ചാണ്‌ സംഘടന, ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്‌. പ്രഥമ അമീര്‍ ആയി ഹാജി സാഹിബ്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. അന്ന്‌ `ഖയ്യിം' എന്നായിരുന്നു പ്രയോഗം. അധികം വൈകാതെ കോഴിക്കോട്ടും മറ്റു ചില പ്രദേശങ്ങളിലും സംഘടനയുടെ ശാഖകള്‍ രൂപീകരിക്കപ്പെട്ടു. പരമ്പരാഗത വിഭാഗങ്ങളില്‍ നിന്ന്‌ കടുത്ത എതിര്‍പ്പും അവഗണനയും നേരിട്ടുവെങ്കിലും പുരോഗമന ചിന്താഗതിയുള്ളവര്‍ ജമാഅത്തിനോട്‌ അടുത്തു. ഹാജി സാഹിബിന്റെ വ്യക്തിത്വം അതിനൊരു കാരണമായിട്ടുണ്ടാവാം. മുജാഹിദ്‌ ആശയക്കാരനായ കുഞ്ഞോയി വൈദ്യര്‍ മാത്രമല്ല, കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന എം സി സി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി, എ കെ അബ്‌ദുല്ലത്തീഫ്‌ മൗലവി, ശൈഖ്‌ മുഹമ്മദ്‌ മൗലവി, പറപ്പൂര്‍ അബ്‌ദുര്‍റഹ്‌മാന്‍ മൗലവി, എ അലവി മൗലവി, കെ ഉമര്‍ മൗലവി തുടങ്ങിയവരും ജമാഅത്തുല്‍ മുസ്‌തര്‍ശിദിന്റെ ഒന്നാം സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ജമാഅത്തിന്റെ ആശയാദര്‍ശങ്ങളും നയനിലപാടുകളും വശദീകരിച്ച്‌ ഹാജി സാഹിബ്‌ പ്രസംഗിച്ചപ്പോള്‍ മുജാഹിദ്‌ നേതാക്കള്‍ ഏറെ സഹിഷ്‌ണുതയോടും പുതുമയോടുമാണ്‌ അത്‌ സ്വീകരിച്ചത്‌. ഈ ആശയക്കാര്‍ ഒരിടത്ത്‌ താമസിച്ച്‌ മാതൃകാസമൂഹമുണ്ടാക്കുകയാണ്‌ വേണ്ടതെന്നാണ്‌ മര്‍ഹൂം കെ ഉമര്‍ മൗലവി ആശംസയോടെ നിര്‍ദേശിച്ചത്‌. മുജാഹിദ്‌-ജമാഅത്ത്‌ ഐക്യം സുദൃഢമായ കാലത്ത്‌, കേരളത്തിലുടനീളം `ഇസ്‌ലാമിനെ പരിചയപ്പെടുക' എന്ന പ്രമേയത്തില്‍ ഇരുകൂട്ടരും ചേര്‍ന്ന്‌ കാമ്പയിന്‍ സംഘടിപ്പിക്കുക വരെ ചെയ്‌തു. പട്ടാളപ്പള്ളിയിലെ ജുമുഅ ഖുതുബ ഇരുകൂട്ടരും കൈകാര്യം ചെയ്യുകയുണ്ടായി. ആദ്യകാലത്ത്‌ ജമാഅത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടവര്‍ മുജാഹിദുകളായതിനാലാകാം അകല്‍ച്ചയുടെ ആഴം കുറഞ്ഞത്‌.

ആദ്യകാലത്തു നിന്ന്‌ ഭിന്നമായി ജമാഅത്തിന്‌ പതുക്കെ സംഘരൂപം കൈവന്നു. പുതിയ നേതാക്കളും പണ്ഡിതന്മാരും രംഗത്തു വന്നു. കെ സി അബ്‌ദുല്ല മൗലവി, വി കെ എം ഇസ്സുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ നാസ്വിമുകളായി നിയോഗിക്കപ്പെട്ടു. ടി മുഹമ്മദ്‌ സാഹിബ്‌, ടി ഇസ്‌ഹാഖലി മൗലവി, ടി കെ അബ്‌ദുല്ല സാഹിബ്‌, കെ ടി അബ്‌ദുപ്പു മൗലവി, കെ പി കെ അഹ്‌മദ്‌ മൗലവി, മുഹമ്മദ്‌ ത്വാഈ മൗലവി, എസ്‌ എം ഹനീഫാ സാഹിബ്‌, പി മുഹമ്മദ്‌ അബുല്‍ജലാല്‍ മൗലവി, കെ മൊയ്‌തു മൗലവി, കെ അബ്‌ദുസ്സലാം മൗലവി, കെ അബ്‌ദുസ്സലാം സാഹിബ്‌ തുടങ്ങിയവര്‍ ഹാജി സാഹിബിന്‌ ശക്തി പകര്‍ന്നു.

1945 ഏപ്രില്‍ 19 മുതല്‍ 21 വരെ പഞ്ചാബിലെ ദാറുല്‍ ഇസ്‌ലാമില്‍ ജമാഅത്തെ ഇസ്‌ലാമി ഒന്നാം അഖിലേന്ത്യാസമ്മേളനം നടന്നിരുന്നു. വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക്‌ ജമാഅത്ത്‌ സാഹിത്യങ്ങള്‍ പരിഭാഷപ്പെടുത്തണമെന്ന സമ്മേളന തീരുമാനത്തില്‍ മലയാള ഭാഷയുടെ ചുമതല ഹാജി സാഹിബിന്‌ നല്‌കി. മൗദൂദിയുടെ ഇസ്‌ലാം മതം മലയാളത്തിലെത്തുന്നത്‌ അങ്ങനെയാണ്‌. 1945 ല്‍ തന്നെ ഹാജി സാഹിബ്‌ ഗ്രന്ഥം വിവര്‍ത്തനം ചെയ്‌തു പുറത്തിറക്കി. ഇന്ത്യന്‍ യൂണിയനും ഇസ്‌ലാമിക പ്രസ്ഥാനവും, രക്ഷാസരണി, ഖുത്വുബാത്ത്‌, ബുദ്ധിയുടെ വിധി തുടങ്ങിയ മൗദൂദി കൃതികളും പുറത്തുവന്നു. മൗദൂദി ശൈലിയുടെ വികാരാംശം ഒട്ടും ചോര്‍ത്തിക്കളയാതെയുള്ള ഹാജി സാഹിബിന്റെ വിവര്‍ത്തനം പുതിയൊരു വായനാനുഭവം പകര്‍ന്നു. ജമാഅത്തിന്റെ ആശയാദര്‍ശങ്ങളും നയനിലപാടുകളും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ `ജമാഅത്ത്‌ സാഹിത്യങ്ങളും' `ജമാഅത്ത്‌ ശൈലി'യും നല്ലൊരു പങ്കുവഹിച്ചു. ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ഹൗസിന്റെ സ്ഥാപകനും ഹാജി സാഹിബ്‌ തന്നെയായിരുന്നു. മൗദൂദി ഗ്രന്ഥങ്ങള്‍ക്ക്‌ പുറമെ, അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, മസ്‌ഊദ്‌ ആലം നദ്‌വി, സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും ഐ പി എച്ച്‌ മലയാളത്തിലേക്ക്‌ കൊണ്ടുവന്നു. 1949 ആഗസ്‌ത്‌ ഒന്നിന്‌ പ്രബോധനം പാക്ഷികവും ജമാഅത്ത്‌ ആരംഭിച്ചു. പാക്ഷികത്തിന്റെ എഡിറ്ററും പ്രിന്ററും പബ്ലിഷറുമെല്ലാം ഹാജി സാഹിബ്‌ തന്നെയായിരുന്നു. 1964 മുതല്‍ വാരികയും മാസികയുമായി. 1987 മുതല്‍ വീണ്ടും വാരിക മാത്രമായി പ്രസിദ്ധീകരണം തുടര്‍ന്നു. അടിയന്തിരാവസ്ഥ കാലത്ത്‌ പ്രബോധനം നിരോധിക്കപ്പെട്ടപ്പോള്‍ ബോധനം പരീക്ഷിച്ചു. 1972ല്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആരംഭിച്ച സന്മാര്‍ഗം, 1980 നവംബറില്‍ തുടക്കമിട്ട മലര്‍വാടി, 1986 ല്‍ വിദ്യാര്‍ഥി-യുവജനങ്ങള്‍ക്കു വേണ്ടി യുവസരണി, 1985ല്‍ വനിതകള്‍ക്ക്‌ ആരാമം, 1987 ജൂണില്‍ മാധ്യമം ദിനപത്രം എന്നിവ ജമാഅത്തിന്റെ കീഴിലുള്ള പ്രസിദ്ധീകരണങ്ങളാണ്‌. അടിയന്തിരാവസ്ഥക്കു ശേഷം പിന്‍വലിഞ്ഞ ബോധനം 1995 ജനുവരിയില്‍ ത്രൈമാസികയായി വീണ്ടും കടന്നുവന്നു. സന്മാര്‍ഗം മാസിക ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല.

ജമാഅത്തെ ഇസ്‌ലാമിയുടെ വാര്‍ഷിക സമ്മേളനങ്ങള്‍ സംഘടനാപരമായ വികാസഘട്ടങ്ങളായിത്തീര്‍ന്നു. വളാഞ്ചേരി (1948), കുറ്റിയാടി (1950), മുള്ള്യാകുര്‍ശി (1952), എടയൂര്‍ (1953), മലപ്പുറം (1955), ആലുവ (1957), മൂഴിക്കല്‍ (1960), മലപ്പുറം (1969), ദഅ്‌വത്ത്‌ നഗര്‍ (1983) എന്നീ സമ്മേളനങ്ങള്‍ മലബാര്‍ പ്രദേശത്ത്‌ ജമാഅത്തെ ഇസ്‌ലാമിയുടെ വേര്‌ പടരാന്‍ ഇടയാക്കി. മലപ്പുറം ജില്ലയില്‍ തന്നെ വീണ്ടും സമ്മേളനങ്ങള്‍ കൂടി. 1948ലെ വളാഞ്ചേരി സമ്മേളനത്തിനു ശേഷം അതേ വര്‍ഷം കോഴിക്കോട്‌ നടന്ന സമ്മേളനത്തില്‍ വെച്ചാണ്‌ ജമാഅത്തിന്‌ ആദ്യമായി മജ്‌ലിസ്‌ ശൂറാ രൂപപ്പെടുത്തിയത്‌. ഹാജി വി പി കുഞ്ഞിപ്പോക്കര്‍, ടി വി കെ മൊയ്‌തീന്‍ കുട്ടി, സി എം മൊയ്‌തീന്‍കുട്ടി, പി മരക്കാര്‍, യു മുഹമ്മദ്‌, ടി ടി കമ്മു, മുഹമ്മദ്‌ ത്വാഈ മൗലവി, കെ അബ്‌ദുല്ലാ ശര്‍ഖി, മുഹമ്മദ്‌ ഹനീഫ്‌ മൗലവി, ബശീര്‍ അഹ്‌മദ്‌, ടി മുഹമ്മദ്‌, കെ സി അബ്‌ദുല്ല മൗലവി എന്നിവരായിരുന്നു ഖയ്യിമിന്‌ പുറമെയുള്ള ആദ്യ ശൂറാ അംഗങ്ങള്‍.

1959ല്‍ ഹാജി സാഹിബ്‌ അന്തരിച്ചു. തുടര്‍ന്ന്‌ കെ സി അബ്‌ദുല്ല മൗലവി വിവിധ സന്ദര്‍ഭങ്ങളിലായി ഇരുപത്തിനാല്‌ വര്‍ഷം സംഘടനയെ നയിച്ചു. ടി കെ അബ്‌ദുല്ല സാഹിബും എ കെ അബ്‌ദുല്‍ഖാദിര്‍ മൗലവിയും, കെ എ സിദ്ദീഖ്‌ ഹസനും അമീറുമാരായി. അനിതരമായ സംഘാടന വൈഭവവും ചടുലമായ ഭാഷയുമുള്ള ഹാജി സാഹിബിന്റെ നേതൃത്വവും ക്രയശേഷിയും ജമാഅത്തിന്റെ കേരള ചരിത്രത്തെ ധന്യമാക്കി. കെ സി അബ്‌ദുല്ല മൗലവി വിശ്രുതനായ ഖുര്‍ആന്‍ പണ്ഡിതനായിരുന്നു.

ജമാഅത്തിന്‌ കീഴില്‍ വിദ്യാര്‍ഥി ഹല്‍ഖകള്‍ ആദ്യകാലം മുതലേ ഉണ്ടായിരുന്നെങ്കിലും, ഫാറൂഖ്‌ കോളെജ്‌ കേന്ദ്രമാക്കി ജമാഅത്ത്‌ അനുഭാവികളായ വിദ്യാര്‍ഥികള്‍ ഐഡിയല്‍ സ്റ്റുഡന്റ്‌സ്‌ ലീഗ്‌ (ഐ എസ്‌ എല്‍) രൂപീകരിച്ചു. 1975ല്‍ അടിയന്തിരാവസ്ഥയില്‍ ഐ എസ്‌ എല്‍ പിരിച്ചുവിട്ടു. പിന്നീട്‌ അഖിലേന്ത്യാ തലത്തില്‍ നിലവില്‍ വന്ന `സിമി' ആദ്യഘട്ടത്തില്‍ ജമാഅത്തിന്റെ ആശീര്‍വാദത്തോടെയാണ്‌ വളര്‍ന്നതെങ്കിലും ജമാഅത്തിന്റെ ഔദ്യോഗിക സംഘടനയായി സിമിയെ അംഗീകരിച്ചിരുന്നില്ല. പിന്നീട്‌ 1983ല്‍ എസ്‌ ഐ ഒ (സ്റ്റുഡന്റ്‌സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്‍) രൂപീകൃതമായി. 1984ല്‍ ജി ഐ ഒ എന്ന പേരില്‍ വിദ്യാര്‍ഥിനി സംഘടനയും നിലവില്‍ വന്നു. 2001ല്‍ സോളിഡാരിറ്റി യുവജന സംഘടനയും രൂപീകരിച്ചു. ദേശീയതലത്തില്‍ ജമാഅത്തിന്‌ യുവജന വിഭാഗമില്ല.

ജമാഅത്തെ ഇസ്‌ലാമിക്ക്‌ അതിന്റെ സംഘടനാ ചരിത്രത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി 1975ല്‍ അടിയന്തിരാവസ്ഥക്കാലത്തും 1992ല്‍ ബാബ്‌രി മസ്‌ജിദ്‌ തകര്‍ച്ചയെത്തുടര്‍ന്നും നേരിട്ട നിരോധനങ്ങളായിരുന്നു. നിരോധനം നീക്കിയതിനെ തുടര്‍ന്ന്‌ വീണ്ടും പ്രാസ്ഥാനിക രംഗം മുന്നോട്ടുപോയി. ഇന്ന്‌ കേരളത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളികളും മദ്‌റസകളുമായി ഒരു മതസംഘടനയുടെ എല്ലാ ചിട്ടവട്ടങ്ങളും ജമാഅത്തിന്നുണ്ട്‌. കേവലം ഒരു മതസംഘടനയല്ലാതാകാനുള്ള ധൃതിയും അതോടൊപ്പം സജീവമാണ്‌.

ജമാഅത്ത്‌: പ്രസ്ഥാനയാത്ര

1941ല്‍ അവിഭക്ത ഇന്ത്യയിലെ ലാഹോറില്‍ അബുല്‍ അഅ്‌ലാ മൗദൂദി രൂപംനല്‍കിയ പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ ആശയപരമായ ചില ചേരിതിരിവുകള്‍ ശക്തിപ്പെട്ട കാലത്താണ്‌ ഹുകൂമത്തെ ഇലാഹി എന്ന വ്യത്യസ്‌തമായ മുദ്രാവാക്യവുമായി ജമാഅത്തെ ഇസ്‌ലാമി കടന്നുവരുന്നത്‌. ഏറെ വ്യാഖ്യാനവും സമര്‍ഥനവും ആവശ്യമായി വന്ന ഈ പുതിയ ആശയത്തെ ഉള്‍ക്കൊള്ളാന്‍ അന്നത്തെ സംഭവ ബഹുലമായ അന്തരീക്ഷത്തില്‍ അധിക പേര്‍ക്കും സാധിച്ചില്ല. 1947 വരെയുള്ള കാലയളവില്‍ 625 പേര്‍ മാത്രമാണ്‌ ജമാഅത്തില്‍ അംഗങ്ങളായത്‌. വിഭജനത്തെ തുടര്‍ന്ന്‌ 385 പേര്‍ പാകിസ്‌താനിലും 240 പേര്‍ ഇന്ത്യയിലുമായി. അങ്ങനെ പാകിസ്‌താന്‍ ജമാഅത്തെ ഇസ്‌ലാമി, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്നിങ്ങനെ രണ്ടു ജമാഅത്തുകള്‍ നിലവില്‍ വന്നു. പിന്നീട്‌ കശ്‌മീരിലും ബംഗ്ലാദേശിലും വെവ്വേറെ ജമാഅത്തുകളുണ്ടായി. ദേശീയതയെ നഖശിഖാന്തം എതിര്‍ത്ത മൗദൂദിയുടെ പ്രസ്ഥാനം വ്യത്യസ്‌ത ദേശീയതകളെ സന്തോഷപൂര്‍വം അംഗീകരിച്ച്‌ പല തുണ്ടുകളായതില്‍ വൈരുധ്യമുണ്ട്‌. നാലു ദേശീയതകളെ സ്വമനസ്സാലോ അല്ലാതെയോ അംഗീകരിച്ചിരിക്കുകയാണിപ്പോള്‍ ജമാഅത്ത്‌. ഇന്ത്യാ വിഭനജത്തെ തുടക്കത്തിലെതിര്‍ത്ത അബുല്‍ അഅ്‌ലാ മൗദൂദിയും അനുചരന്മാരും അതൊരു യാഥാര്‍ഥ്യമായപ്പോള്‍ അജണ്ടയില്‍ മാറ്റം വരുത്തി. `പാകിസ്‌താനെ ഇസ്‌ലാമീകരിക്കുക' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പാക്ക്‌ ജമാഅത്ത്‌ പ്രവര്‍ത്തിച്ചു. എന്നാല്‍ പട്ടാളാധിപത്യത്തിലമര്‍ന്ന പാകിസ്‌താനില്‍ ജമാഅത്തിന്‌ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സിന്ധ്‌-ബലൂചി-മഹാജിര്‍-ബംഗാള്‍ ഉപദേശീയ വികാരങ്ങള്‍ക്കു മീതെ, ശക്തമായ ഇസ്‌ലാമിക സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലും ജമാഅത്തിന്‌ വിജയിക്കാനായില്ല. ഖാദിയാനീ പ്രശ്‌നത്തില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ജമാഅത്തിന്‌ പക്ഷേ, സാധാരണ ജനങ്ങളെ അഭിസംബോധന ചെയ്യാനോ ഒരു രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ നേതൃത്വം നല്‌കാനോ കഴിയാതെ പോയി. ജനസ്വാധീനമില്ലാത്തൊരു രാഷ്‌ട്രീയപാര്‍ട്ടി മാത്രമാണ്‌ ഇന്ന്‌ പാകിസ്‌താനിലെ ജമാഅത്ത ഇസ്‌ലാമി. സിയാഉല്‍ ഹഖിനോട്‌ സഹകരിച്ച്‌ പാകിസ്‌താനിന്റെ ഇസ്‌ലാമീകരണം പൂര്‍ത്തിയാക്കാം എന്ന ആഗ്രഹവും ഫലം കണ്ടില്ല.

ഇനി, ജമാഅത്തിന്‌ ഇന്ത്യയിലെന്ത്‌ സംഭവിച്ചു? ഹുകൂമത്തെ ഇലാഹി വിമര്‍ശനമേറ്റു വാങ്ങിയപ്പോള്‍ ഇഖാമത്തുദ്ദീന്‍ എന്ന പുതിയൊരു മുദ്രാവാക്യം സ്വീകരിച്ചു. രണ്ടും ഒന്നു തന്നെയാണെന്ന്‌ വിശദീകരിക്കുകയും ചെയ്‌തു. വാരാന്തയോഗം, പുസ്‌തകപാരായണം, സമ്മേളനങ്ങള്‍, പത്രനടത്തിപ്പ്‌, റിലീഫ്‌ വര്‍ക്ക്‌, സ്ഥാപനങ്ങളുടെ നടത്തിപ്പ്‌ -ഇവയാണ്‌ ജമാഅത്തിന്റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ ഭരണവ്യവസ്ഥ അനിസ്‌ലാമികമായതിനാല്‍ അതിനോട്‌ സഹകിരക്കേണ്ടതില്ലെന്ന നിലപാടാണ്‌ ആദ്യഘട്ടത്തില്‍ ജമാഅത്ത്‌ സ്വീകരിച്ചത്‌. ഉയര്‍ന്ന സര്‍ക്കാര്‍ തസ്‌തികകളില്‍ ജോലി ചെയ്യുന്നത്‌ മതപരമായി നിഷിദ്ധമാണ്‌, ഹറാമാണ്‌ എന്ന്‌ ജമാഅത്ത്‌ വാദിച്ചു. തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പങ്കെടുക്കുന്നത്‌ നിഷിദ്ധമായും കണ്ടു. നിയമനിര്‍മാണത്തിനുള്ള അധികാരം കല്‌പിക്കപ്പെടുന്ന സഭകളിലേക്ക്‌ മത്സരിക്കുന്നതും വോട്ടു രേഖപ്പെടുത്തുന്നതും അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണെന്ന്‌ ജമാഅത്ത്‌ വിശദീകരിച്ചു. 1975ലെ അടിയന്തിരാവസ്ഥക്കാലത്ത്‌ ജമാഅത്ത്‌ നിരോധിക്കപ്പെട്ടതിനു ശേഷമാണ്‌ ഇവ്വിഷയത്തില്‍ പാര്‍ട്ടി പുനരാലോചന നടത്തുന്നതും അംഗങ്ങള്‍ക്ക്‌ വോട്ട്‌ ചെയ്യാനുള്ള അനുമതി നല്‌കുന്നതും. ഈ രണ്ട്‌ നിലപാടുകളെയും പൊരുത്തപ്പെടുത്തുന്നതിന്‌ ഒരുപാട്‌ വ്യാഖ്യാനാഭ്യാസങ്ങള്‍ നേതൃത്വത്തിന്‌ നടത്തേണ്ടിയും വന്നു. എന്നിട്ടും പാതി ദഹിക്കാത്ത ആശയമായി അത്‌ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരെയും ആശയക്കുഴപ്പത്തിലാക്കുന്നു. അയ്യായിരത്തില്‍ താഴെ അംഗങ്ങളും പതിനയ്യായിരത്തോളം പ്രവര്‍ത്തകരുമാണ്‌ ഇന്ത്യന്‍ ജമാഅത്തിന്റെ സംഘബലം. തങ്ങള്‍ വര്‍ഗീയവാദികളില്ലെന്ന്‌ ധരിപ്പിക്കുന്നതിനുള്ള ബദ്ധപ്പാടിനിടയ്‌ക്ക്‌, മുസ്‌ലിംകള്‍ നേരിടുന്ന ഫാസിസ്റ്റ്‌ ഭീഷണിയോട്‌ സമര്‍ഥമായി പ്രതികരിക്കാന്‍ ജമാഅത്തിന്‌ സാധിക്കുന്നില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗധേയം നിര്‍ണയിക്കുന്നതിലും പ്രസക്തമായ പങ്ക്‌ നിര്‍വഹിക്കുന്നതില്‍ പാര്‍ട്ടിക്ക്‌ താല്‌പര്യവുമില്ല. റിക്ഷാവണ്ടി വലിക്കുന്നവരും വെള്ളം കോരികളും ഭൂവുടമകളുടെ പാടങ്ങളില്‍ അടിമവേല ചെയ്യുന്നവരുമായ മഹാ ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ മുസല്‍മാന്‌ സാന്ത്വനമോ സംരക്ഷണമോ പ്രതീക്ഷയോ എന്തിനധികം ഇസ്‌ലാമിക ശിക്ഷണം നല്‌കാന്‍ പോലും താല്‌പര്യം കാണിക്കാത്ത ഒരു മധ്യവര്‍ഗ സംഘടനയെ `ഇസ്‌ലാമിക പ്രസ്ഥാനം' എന്ന്‌ വിശേഷിപ്പിക്കുന്നതില്‍ തന്നെ അര്‍ഥഭംഗമുണ്ട്‌. പത്രമാസികകളും പുസ്‌തകങ്ങളും വായിക്കാനറിയാത്ത നിരക്ഷരരാണ്‌ ഇന്ത്യന്‍ മുസ്‌ലിംകളില്‍ വലിയൊരു ഭാഗം. ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ മറ്റുള്ളവരെപ്പോലെ പകച്ചു നില്‌ക്കാനല്ലാതെ മറ്റൊന്നിനും ജമാഅത്തിന്‌ സാധിച്ചില്ല. ബാബ്‌രി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ പോലും, സന്ദര്‍ഭമാവശ്യപ്പെട്ട വിധം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ നേതൃത്വം നല്‌കാന്‍ ഈ `അഖിലേന്ത്യാ' പ്രസ്ഥാനത്തിന്‌ സാധിച്ചില്ല. മറ്റു നേതാക്കള്‍ക്കൊപ്പം നരസിംഹ റാവുവിന്റെ ഉമ്മറപ്പടിയില്‍ ഖിന്നരായി കാത്തുനില്‌ക്കാന്‍ മാത്രമേ ജമാഅത്ത്‌ നേതൃത്വത്തിന്‌ സാധിച്ചുള്ളൂ. ഒടുവില്‍ വെറും കൈയോടെ മടങ്ങേണ്ടിയും വന്നു. കെടുകാര്യസ്ഥതയുടെ പേരില്‍ ഇന്ത്യന്‍ മുസ്‌ലിം രാഷ്‌ട്രീയ നേതൃത്വത്തെ ആക്ഷേപിക്കുന്ന ജമാഅത്തും പ്രസ്‌തുത കെടുകാര്യസ്ഥതയില്‍ പങ്കാളികളാണെന്ന വാസ്‌തവം ബോധപൂര്‍വം വിസ്‌മരിക്കപ്പെടുകയാണ്‌.

തങ്ങള്‍ ഊന്നല്‍ നല്‌കുന്ന രാഷ്‌ട്രീയ ഇസ്‌ലാമിനെ ഒരു ചിന്താ സംപ്രത്യയം എന്നതില്‍ കവിഞ്ഞ്‌ പ്രായോഗികാനുഭവമാക്കി മാറ്റുന്നതിലും അതിനുള്ള തുടര്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമിയും ഇഖ്‌വാനുല്‍ മുസ്‌ലിമീനും അടക്കമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കൊന്നും സാധിച്ചില്ല. മാത്രമല്ല, രാഷ്‌ട്രീയ ഇസ്‌ലാം തികഞ്ഞ പരാജയമാണെന്ന്‌ വിലയിരുത്താന്‍ സിയാവുദ്ദീന്‍ സര്‍ദാരിനെപ്പോലുള്ളവരെ പ്രേരിപ്പിക്കുന്നിടത്താണ്‌ ഇത്‌ കലാശിച്ചത്‌. മുസ്‌ലിമിന്റെ സമ്പൂര്‍ണതയ്‌ക്ക്‌ പരിക്കേല്‍ക്കും വിധം `രാഷ്‌ട്രീയ ഇസ്‌ലാം' എന്ന പരികല്‌പന രൂപപ്പെടാന്‍ ഇടയാക്കിയതിന്‌ ഇഖ്‌വാനും ജമാഅത്തിനുമാണ്‌ ഉത്തരവാദിത്തം. ഹസനുല്‍ ബന്നയും ശഹീദ്‌ സയ്യിദ്‌ ഖുത്വുബും അബുല്‍ അഅ്‌ലാ മൗദൂദിയും വരച്ചുകാണിച്ച ഇസ്‌ലാമിക രാഷ്‌ട്രം, വെറുമൊരു ഫണ്ടമെന്റലിസ്റ്റ്‌ മൂഢ സ്വര്‍ഗമാണെന്നു വരെ വിലയിരുത്തപ്പെടുന്നിടത്താണ്‌ കാര്യങ്ങളെത്തിയത്‌. ഖുത്വുബിനും മൗദൂദിക്കും ശേഷം ഇഖ്‌വാനും ജമാഅത്തും ഒരേവിധം ചിന്താപരമായ വന്ധ്യത നേരിട്ടതിനുള്ള തെളിവുകള്‍ എമ്പാടുമുണ്ട്‌. രാഷ്‌ട്രീയ ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ധൈഷണിക രംഗത്ത്‌ ശക്തിപ്പെടുമ്പോഴും അതിനോട്‌ സമര്‍ഥമായി ഏറ്റുമുട്ടുന്ന കാഴ്‌ച വളരെ ദുര്‍ലഭമാണ്‌.

അങ്ങേയറ്റം സ്‌ഫോടനാത്മകവും അതിതീവ്രവുമായ ആശയങ്ങളില്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനമായിരിക്കുമ്പോഴും, സുതാര്യമല്ലാത്ത ആദര്‍ശങ്ങള്‍ അകത്തിരിക്കുമ്പോഴും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പൊതു സമൂഹത്തോട്‌ സക്രിയമായ സൗഹൃദം സൂക്ഷിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ സാധിച്ചുവെന്നത്‌ യാഥാര്‍ഥ്യമാണ്‌. ആ സൗഹൃദമാണ്‌ ജമാഅത്തിന്‌ പോഷകമായിത്തീര്‍ന്നതെന്നും കരുതാം. ജമാഅത്തെ ഇസ്‌ലാമി ഒരു തീവ്രവാദ വിഭാഗമാണോ എന്ന ചര്‍ച്ചയില്‍ ഈ ലേഖകന്‌ താല്‌പര്യമില്ലെങ്കിലും ഇന്നത്തെ ഏതൊരു തീവ്രവാദ ഗ്രൂപ്പിനെക്കാളും വലിയ തീവ്രവാദങ്ങളോടെയായിരുന്നു ജമാഅത്തിന്റെ ജനനമെന്ന്‌ പറയാതെ വയ്യ. ഖുത്വുബാത്തിലെയും അല്‍ജിഹാദിലെയും വരികള്‍ക്ക്‌ കൊടുവാളിന്റെ മൂര്‍ച്ഛയുണ്ട്‌. ദുര്‍ബലനായ ഏതൊരു മുസ്‌ലിമിനെയും വികാരാധീനനാക്കാന്‍ പോന്ന വാള്‍ത്തലപ്പുകളാണ്‌ മൗദൂദി കൃതികളില്‍ ഏറിയ പങ്കും. അതോടൊപ്പം തന്നെ ഇന്ത്യ കണ്ട ഉന്നതശ്രേഷ്‌ഠരായ ഇസ്‌ലാമിക പണ്ഡിതരില്‍ അബുല്‍ അഅ്‌ലാ മൗദൂദിയുടെ സ്ഥാനം അപ്പാടെ നിഷേധിക്കുന്നതും കരണീയമായ ചരിത്രവായനയല്ല.

ശിര്‍ക്കാണെന്ന്‌ ഒരു കാര്യത്തെപ്പറ്റി പറയുകയും അതേ കാര്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്ന വൈരുധ്യം ജമാഅത്തെ ഇസ്‌ലാമിയുടെ ആദികാലം തൊട്ടുള്ള സവിശേഷതയാണ്‌. വെളുത്ത സായിപ്പ്‌ പോയി കറുത്ത സായിപ്പ്‌ ഭരിക്കുമെന്നതിനപ്പുറം സ്വാതന്ത്ര്യം ഒരു ഫലവും തരില്ലെന്ന്‌ മൗദൂദി സാഹിബ്‌ എഴുതി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പിടഞ്ഞു മരിച്ച പതിനായിരക്കണക്കിന്‌ മുസ്‌ലിംകളെ ഇകഴ്‌ത്തിക്കാണിക്കാനും മടികാണിച്ചില്ല. ഇന്ത്യയെ പോലുള്ള അമുസ്‌ലിം ഭൂരിപക്ഷ രാഷ്‌ട്രങ്ങളില്‍, നാട്ടിലെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കേണ്ടത്‌ ഇസ്‌ലാമിക പ്രബോധനത്തിന്റെ സുഗമമായ പ്രയാണത്തിന്‌ അനുപേക്ഷണീയമാണെന്നും, രാജ്യത്തെ ജനാധിപത്യ-മതേതര ശക്തികളെ ബലപ്പെടുത്തുന്നതിലൂടെ മാത്രമേ അത്‌ സാധിക്കൂവെന്നും മുജാഹിദ്‌ പ്രസ്ഥാനം അന്നു പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചവര്‍, ഏറെത്താമസിയാതെ അതേ വഴിയില്‍ പിറകെ വന്നു.

പക്ഷേ, ഇസ്‌ലാമിക മുന്നേറ്റമോ ഇസ്‌ലാമിക പ്രബോധനമോ ജമാഅത്തിന്‌ മുഖ്യ അജണ്ടയല്ല. പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൗത്യമാണ്‌ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും ദൗത്യമാകേണ്ടത്‌. ദീനിന്റെ സവിശേഷ ഭാവങ്ങളെ കുറ്റമറ്റ രീതിയില്‍ അവതരിപ്പിക്കുക എന്നത്‌ ജമാഅത്തിന്റെ അജണ്ടയില്‍ പ്രധാന വിഷയമല്ല. വിശ്വാസ വിമലീകരണത്തിന്‌ തരിമ്പുപോലും പരിഗണന നല്‌കാതെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെ തലതിരിച്ചിടുകയാണ്‌ ജമാഅത്ത്‌ ചെയ്‌തത്‌. അതേസമയം, തങ്ങള്‍ മാത്രമാണ്‌ `സമഗ്ര' ഇസ്‌ലാമിന്റെ പ്രയോക്താക്കള്‍ എന്ന്‌ അവര്‍ നിരന്തരം പറയുകയും ചെയ്യുന്നു. തൗഹീദ്‌ പ്രബോധനത്തെപ്പോലും `ശാഖാപരം' എന്ന്‌ പരിഹസിച്ചുതള്ളുകയും സംഘടനാപരമായ നിലനില്‌പിനും പൊതു സമ്മതിക്കും വേണ്ടി ഭൗതിക പ്രശ്‌നങ്ങളെ ഏറ്റെടുക്കുകയും ചെയ്യുന്നത്‌ ഏത്‌ പ്രവാചകന്റെ മാതൃകയില്‍ നിന്നാണെന്നത്‌ ഉത്തരം കിട്ടേണ്ട ചോദ്യമാണ്‌.

ജമാഅത്തെ ഇസ്‌ലാമി ഇന്ന്‌ നേരിടുന്നത്‌ അസ്‌തിത്വപരമായ പ്രശ്‌നമാണ്‌. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്‌ നിര്‍വഹിക്കാനുള്ള ദൗത്യം തന്ത്രപൂര്‍വം വിസ്‌മരിച്ചതോടെ ജമാഅത്തെ ഇസ്‌ലാമി ഇന്നൊരു വോട്ടുകെട്ട്‌ മാത്രമായി ചുരുങ്ങിപ്പോയി. മറ്റുള്ളവര്‍ക്കൊന്നുമില്ലെന്നും തങ്ങള്‍ക്കു മാത്രമുണ്ടെന്നും ജമാഅത്ത്‌ വാദിക്കുന്ന ഇസ്‌ലാമിന്റെ `സമഗ്രത' എന്താണ്‌? അത്‌ രാഷ്‌ട്രീയമാണ്‌. എന്താണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയം? ഇസ്‌ലാമിന്റെ രാഷ്‌ട്രീയ പദ്ധതി എന്ന വിധം ജമാഅത്ത്‌ അവതരിപ്പിക്കുന്ന പരീക്ഷണങ്ങളാണോ മൗദൂദി അവതരിപ്പിച്ച ഹുകൂമത്തെ ഇലാഹിയും ഇഖാമത്തുദ്ദീനെന്നും ജമാഅത്തിനെ അലട്ടുന്ന പ്രധാന പ്രശ്‌നമാണിത്‌. രാഷ്‌ട്രീയ ഭാഗ്യാന്വേഷണങ്ങളുടെ പേരില്‍ ഇടക്കാലത്ത്‌ പാര്‍ട്ടി നടത്തിയ ജനകീയബഹളം വന്ന വഴിക്കുതന്നെ തിരിച്ചുപോയി. അഖിലേന്ത്യാടിസ്ഥാനത്തില്‍ പുതിയൊരു രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ രൂപം നല്‌കിയതോടെ, മതത്തിലും രാഷ്‌ട്രീയത്തിലും പല നേതൃത്വമോ, എന്ന്‌ പണ്ട്‌ മറ്റുള്ളവരോടുയര്‍ത്തിയ ചോദ്യം ജമാഅത്തിനെ തന്നെ തിരിഞ്ഞുകുത്തുകയും ചെയ്യുന്നു. പഞ്ചായത്തിലേക്കും പാര്‍ലമെന്റിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത്ര അവര്‍ക്ക്‌ ഇത്ര ഇവര്‍ക്ക്‌ എന്ന്‌ വീതംവെച്ച്‌ ചെറുകിട രാഷ്‌ട്രീയപാര്‍ട്ടികളേക്കാളും വലിയ നിലവാരത്തകര്‍ച്ചയിലേക്ക്‌ കുമിഞ്ഞുകുത്തുന്നതിനേക്കാള്‍ നല്ലത്‌ പുതിയൊരു രാഷ്‌ട്രീയപാര്‍ട്ടിയാണെന്ന്‌ ജമാഅത്ത്‌ കണ്ടെത്തിയത്‌ ആശ്വാസമാണെന്നും കരുതാം. ഒരു രഹസ്യ സര്‍ക്കുലറിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിക്കാവുന്ന വോട്ടുനയം, പത്രസമ്മേളനങ്ങള്‍ വഴി വിതരണം ചെയ്യുന്നിടം വരെ ജമാഅത്തിന്റെ വോട്ടും തെരഞ്ഞെടുപ്പും ബഹളമയമായിരുന്നു.

`ഇബാദത്ത്‌' എന്ന വിഷയത്തിലാണ്‌ ജമാഅത്ത്‌ സാഹിത്യങ്ങള്‍ ഏറെയുമുള്ളത്‌. അന്ധവിശ്വാസങ്ങളിലേക്കും ബഹുദൈവത്വപരമായ ആചാരങ്ങളിലേക്കും വഴിമാറിയ മുസ്‌ലിംകളെ യഥാര്‍ഥ `ഇബാദത്തി'ലേക്ക്‌ തിരിച്ചുകൊണ്ടുവരാനായിരുന്നോ ഈ ഗ്രന്ഥങ്ങള്‍? അല്ല; ശരിയായ തൗഹീദ്‌ അംഗീകരിച്ചവരുടെ മേല്‍ രാഷ്‌ട്രീയ ശിര്‍ക്ക്‌ ആരോപിക്കാനായിരുന്നു. ഇപ്പോള്‍ അതെല്ലാമെവിടെയെത്തി?

2 അഭിപ്രായങ്ങള്‍:

Sophia പറഞ്ഞു...

Gemini support is a fundamental prerequisite to wipe out your Gemini mistakes in a problem free and fast way. You need to deliver your issues to the experts who are prepared and talented in taking care of the Gemini mistakes and have the plenty of arrangements and cures in their kitty. You can connect with them by dialing Gemini Support number +1800-861-8259 talk or an email. They are dependably at your administration and carry on well-considerate with the clients
Gemini Support number
Gemini Support phone number
Gemini Support phone number
Gemini phone number
Gemini number
Gemini Customer Service number

Sophia പറഞ്ഞു...

The Binance is an easy to understand interface helps in associating with a product stage for advanced resources. On the off chance that you are not ready to sell bitcoin on Binance account. You can connect with adept experts over Binance Customer Service number+1877-209-3306 whenever to get quick and immaculate cures. The specialists will direct you the entire procedure in detail and exact way. You can get well suited answers for fix your glitches and blunders.
Binance Support number
Binance Support phone number
Binance Support phone number
Binance phone number
Binance number
Binance Customer Service number

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ